നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ഞാൻ ആയിരിക്കുന്നതുപോലെ

യുവതിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആജീവനാന്ത ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിൽ, അവളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി, അടുത്ത ദിവസം അവൾ ഒരു പള്ളി ബസാറിലെ കേന്ദ്ര വേദിയിൽ നിൽക്കേണ്ടതാണ്. എന്നാൽ ഞാൻ അതിനു യോഗ്യയല്ല, ഷാർലറ്റ് എലിയറ്റ് ന്യായവാദം ചെയ്തു. മറിഞ്ഞും തിരിഞ്ഞും കിടന്നുകൊണ്ട് അവൾ തന്റെ യോഗ്യതകളെ സംശയിച്ചു, അവളുടെ ആത്മീയ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ചോദ്യം ചെയ്തു. അടുത്ത ദിവസവും അവൾ അസ്വസ്ഥയായിരുന്നു, ഒടുവിൽ അവൾ പേനയും പേപ്പറും എടുക്കാൻ ഒരു മേശക്കരികിലേക്ക് നീങ്ങി, എന്നിട്ട് ഒരു ക്ലാസിക് സ്തുതിഗീതത്തിന്റെ വരികൾ എഴുതി, “ഞാൻ ആയിരിക്കുന്നതു പോലെ’’ (“Just as I am’’).

“ഞാൻ ആയിരിക്കുന്നതു പോലെ ഒരു അപേക്ഷയും കൂടാതെ, / എന്നാൽ നിന്റെ രക്തം എനിക്കുവേണ്ടി ചൊരിയപ്പെട്ടു, / നിന്റെ അടുക്കൽ വരുവാൻ നീ എന്നെ മാടി വിളിച്ചു / ദൈവ കുഞ്ഞാടേ, ഞാൻ വരുന്നു, ഞാൻ വരുന്നു.’’

1835 ൽ എഴുതിയ അവളുടെ വാക്കുകൾ, അവനെ സേവിക്കാൻ യേശു തന്റെ ശിഷ്യന്മാരെ വിളിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. അവർ തയ്യാറായതുകൊണ്ടല്ല. അവർ തയ്യാറായിരുന്നില്ല. എന്നാൽ അവൻ അവരെ അധികാരപ്പെടുത്തി - അവർ ആയിരുന്ന അവസ്ഥയിൽ. ഒരു അപരിഷ്‌കൃത സംഘമായ അവന്റെ പന്ത്രണ്ടംഗ സംഘത്തിൽ ഒരു നികുതിപിരിവുകാരനും ഒരു തീവ്രവാദിയും, അമിതമോഹമുള്ള രണ്ട് സഹോദരന്മാരും (മർക്കൊസ് 10:35-37 കാണുക), അവനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്‌ക്കര്യോത്താവും ഉൾപ്പെട്ടിരുന്നു (മത്തായി 10:4). എന്നിട്ടും, “രോഗികളെ സൌഖ്യമാക്കുവാനും മരിച്ചവരെ ഉയിർപ്പിപ്പാനും; കുഷ്ഠരോഗികളെ ശുദ്ധമാക്കുവാനും ഭൂതങ്ങളെ പുറത്താക്കുവാനും’’ അവൻ അവർക്ക് അധികാരം നൽകി (വാ. 8).—അവരെല്ലാം “മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും’’  കരുതാതെയാണ് പോയത് (വാ. 9-10).

“ഞാൻ നിങ്ങളെ അയയ്ക്കുന്നു’’ അവൻ പറഞ്ഞു (വാ. 16), അവർക്ക് അവൻ മതിയായിരുന്നു. അവനോട് “ഉവ്വ്’’ എന്ന് പറയുന്ന നമുക്ക് ഓരോരുത്തർക്കും അവൻ ഇന്നും  മതിയായവനാണ്.

വലിയ പ്രതീക്ഷകൾ

ക്രിസ്തുമസിന് മുമ്പുള്ള തിരക്കേറിയ ഒരു ദിവസം, എന്റെ അയൽപക്കത്തെ തിരക്കേറിയ പോസ്റ്റ് ഓഫീസിലെ മെയിൽ കൗണ്ടറിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തി. അവളുടെ മെല്ലെയുള്ള നടപ്പു കണ്ട് ക്ഷമയോടെ തപാൽ ഗുമസ്തൻ അവളെ അഭിവാദ്യം ചെയ്തു, “ഹലോ, ചെറുപ്പക്കാരി’’ അവന്റെ വാക്കുകൾ സൗഹാർദ്ദപരമായിരുന്നു, എന്നാൽ “ഇളയതാണ്' നല്ലത്’’  എന്ന് ചിലർ പറയുന്നതു കേട്ടേക്കാം.

വാർദ്ധക്യം നമ്മുടെ പ്രത്യാശയെ പ്രചോദിപ്പിക്കുമെന്ന് കാണാൻ ബൈബിൾ നമ്മെ പ്രചോദിപ്പിക്കുന്നു. ശിശുവായ യേശുവിനെ പ്രതിഷ്ഠിക്കുവാനായി, യോസേഫും മറിയയും ചേർന്ന് ദൈവാലയത്തിലേക്ക് കൊണ്ടുവരുമ്പോൾ (ലൂക്കൊസ് 2:23; കാണുക പുറപ്പാട് 13:2, 12), വൃദ്ധരായ രണ്ട് വിശ്വാസികൾ പെട്ടെന്ന് മധ്യത്തിലേക്കു കടന്നുവരുന്നു.

ഒന്നാമതായി, മശിഹായെ കാണാൻ വർഷങ്ങളോളം കാത്തിരുന്ന ശിമയോൻ—'[യേശുവിനെ] കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു.’’ (ലൂക്കൊസ് 2:28-31).

ശിമയോൻ മറിയയോടും യോസേഫിനോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “വളരെ വയസ്സു ചെന്ന’’ പ്രവാചകിയായ ഹന്ന (വാ. 36) വന്നു. ഏഴു വർഷം മാത്രം വിവാഹജീവിതം നയിച്ചശേഷം വിധവയായവൾ, എൺപത്തിനാലു വയസ്സുവരെ “ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.’’ യേശുവിനെ കണ്ടപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു, “യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു’’ (വാ. 37-38).

ഈ പ്രത്യാശയുള്ള രണ്ട്  ദാസീദാസന്മാർ വലിയ പ്രതീക്ഷകളോടെ ദൈവത്തിനായി കാത്തിരിക്കുന്നത് - നമ്മുടെ പ്രായം കണക്കിലെടുക്കാതെ - ഒരിക്കലും അവസാനിപ്പിക്കരുതെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.

കുഴപ്പങ്ങളെയല്ല, ക്രിസ്തുവിനെ കേൾക്കുക

ഓരോ ദിവസവും മണിക്കൂറുകളോളം ടിവി വാർത്തകൾ കണ്ടതിന് ശേഷം, വൃദ്ധനായ മനുഷ്യൻ അസ്വസ്ഥനും ഉത്കണ്ഠാകുലനും ആയിത്തീർന്നു - ലോകം തകർന്നു തരിപ്പണമാകുകയും താനും അതിലകപ്പെട്ടുപോകുകയും ചെയ്യും എന്നയാൾ ആകുലപ്പെട്ടു. “ദയവായി ഇത് ഓഫ് ചെയ്യൂ,’’ അയാളുടെ പ്രായമായ മകൾ അപേക്ഷിച്ചു. “അതു കേൾക്കുന്നതു നിർത്തൂ.’’ എന്നാൽ ആ മനുഷ്യൻ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ ചാനലുകളിലും അമിതമായ സമയം ചെലവഴിക്കുന്നത് തുടർന്നു.

നാം എന്താണു കേൾക്കുന്നത് എന്നത് അതിപ്രധാനമാണ്. പൊന്തിയോസ് പീലാത്തൊസുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയിൽ നാം ഇത് കാണുന്നു. മതനേതാക്കൾ യേശുവിനെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ കേട്ട പീലാത്തൊസ് യേശുവിനെ വിളിച്ചുവരുത്തി, “നീ യെഹൂദന്മാരുടെ രാജാവാണോ?’’ (യോഹന്നാൻ 18:33) എന്ന് ചോദിച്ചു. അതിശയകരമായ ഒരു ചോദ്യത്തോടെ യേശു മറുപടി പറഞ്ഞു: “ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു’’ (വാ. 34). 

ഇതേ ചോദ്യം നമ്മോടും ചോദിക്കുന്നു. പരിഭ്രാന്തിയുടെ ലോകത്ത്, നാം കുഴപ്പങ്ങളെയോണോ അതോ ക്രിസ്തുവിനെയാണോ ശ്രദ്ധിക്കുന്നത്? തീർച്ചയായും, “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു,’’ അവൻ പറഞ്ഞു. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു’’ (10:27). സംശയിക്കുന്ന മതനേതാക്കന്മാർക്ക് തന്നെത്തന്നെ വിശദീകരിച്ചുകൊടുക്കാൻ യേശു “ഈ സാദൃശ്യം’’ ഉപയോഗിച്ചു (വാ. 6). ഒരു നല്ല ഇടയനെപ്പോലെ, അവൻ പറഞ്ഞു, “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും’’ (വാ. 4-5).

നമ്മുടെ നല്ല ഇടയൻ എന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി അവനെ കേൾക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. നമുക്ക് നന്നായി കേൾക്കുകയും അവന്റെ സമാധാനം കണ്ടെത്തുകയും ചെയ്യാം.

ദൈവത്തിന്റെ ദീർഘദൃഷ്ടിയിൽ വിശ്വസിക്കുക

ഞങ്ങളെ അപരിചിതമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ, ജീപിഎസ് തെറ്റായ ദിശയാണു കാണിക്കുന്നതെന്ന് പെട്ടെന്ന് എന്റെ ഭർത്താവ് ശ്രദ്ധിച്ചു. വിശ്വസനീയമായ ഒരു നാലുവരി ഹൈവേയിൽ പ്രവേശിച്ച ശേഷം, ഞങ്ങൾക്ക് സമാന്തരമായി പോകുന്ന ഒരു ഒറ്റവരി 'സർവീസ്' റോഡിലൂടെ പുറത്തുകടക്കാൻ ഞങ്ങൾക്ക്  ഉപദേശം ലഭിച്ചു. “ഞാൻ അത് വിശ്വസിക്കാൻ പോകയാണ് ” ഡാൻ പറഞ്ഞു. എന്നിരുന്നാലും, ഏകദേശം പത്ത് മൈൽ കഴിഞ്ഞപ്പോൾ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഹൈവേയിലെ ഗതാഗതം ഏതാണ്ട് നിശ്ചലമായി. പ്രശ്‌നം? വലിയ നിർമ്മാണപ്രവർത്തനങ്ങൾ. അപ്പോൾ സർവീസ് റോഡോ? തിരക്ക് കുറവായതിനാൽ, അത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വ്യക്തമായ പാത പ്രദാനം ചെയ്തു. “എനിക്ക് മുമ്പോട്ട് കാണാൻ കഴിഞ്ഞില്ല,” ഡാൻ പറഞ്ഞു, “പക്ഷേ ജിപിഎസിന് കഴിയും.” അല്ലെങ്കിൽ, നമ്മൾ സമ്മതിക്കുന്നതുപോലെ,  “ദൈവത്തിനു കഴിയും.”

വരാനിരിക്കുന്നതെന്താണെന്ന് അറിഞ്ഞുകൊണ്ട്, “യെഹൂദന്മാരുടെ രാജാവായി പിറന്ന” (മത്തായി 2:2) യേശുവിനെ നമസ്‌കരിക്കാൻ കിഴക്കു നിന്നു വന്ന വിദ്വാന്മാർക്ക് ഒരു സ്വപ്‌നത്തിൽ ദൈവം സമാനമായ ദിശാമാറ്റം നൽകി. ഒരു “എതിരാളി” രാജാവിന്റെ ജനനവാർത്തയിൽ അസ്വസ്ഥനായ ഹെരോദാരാജാവ് വിദ്വാന്മാരോട് കള്ളം പറഞ്ഞു, അവരെ ബെത്‌ലഹേമിലേക്ക് അയച്ചു: “നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്‌കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു” (വാ.8). എന്നാൽ “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.” (വാ. 12).

ദൈവം നമ്മുടെയും ചുവടുകളെ നയിക്കും. നാം ജീവിതത്തിന്റെ പെരുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ, അവൻ മുന്നോട്ട് കാണുമെന്ന് നമുക്ക് വിശ്വസിക്കാം, നാം അവന്റെ നിർദ്ദേശങ്ങൾക്ക് കീഴ്‌പ്പെടുമ്പോൾ അവൻ നമ്മുടെ പാതകളെ നേരെയാക്കുമെന്ന് ഉറപ്പായി വിശ്വസിക്കാം (സദൃശവാക്യങ്ങൾ 3:6).

ആകാശത്തിലെ പക്ഷികൾ

വേനൽക്കാല സൂര്യൻ ഉദിച്ചുയർന്നപ്പോൾ, മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അയൽക്കാരൻ വന്നു നോക്കാൻ എന്നോടു മന്ത്രിച്ചു. “എന്ത്?” കൗതുകത്തോടെ ഞാൻ തിരിച്ചു മന്ത്രിച്ചു. അവൾ അവളുടെ പൂമുഖത്തെ ഒരു കാറ്റ് മണി (വിൻഡ് ചൈം) ചൂണ്ടിക്കാണിച്ചു, അവിടെ ഒരു ചെറിയ ഒരു ലോഹ സ്റ്റാൻഡിന്മേൽ വൈക്കോൽകൊണ്ടുള്ള ഒരു കപ്പ് ഇരിപ്പുണ്ടായിരുന്നു. “ഒരു ഹമ്മിംഗ് ബേർഡിന്റെ കൂട്,” അവൾ മന്ത്രിച്ചു. “കുഞ്ഞുങ്ങളെ കണ്ടോ?” പല്ലുകുത്തികൾ പോലെ ചെറുതായ രണ്ട് കൊക്കുകൾ മുകളിലേക്ക് നീണ്ടിരിക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാമായിരുന്നു. “അവർ അമ്മയെ കാത്തിരിക്കുന്നു.” ഞങ്ങൾ അത്ഭുതത്തോടെ അവിടെ നിന്നു. ഫോട്ടോ എടുക്കാൻ ഞാൻ മൊബൈൽ ഫോൺ ഉയർത്തി. “അടുത്തു ചെല്ലരുത്,” എന്റെ അയൽക്കാരി പറഞ്ഞു. “അമ്മയെ പേടിപ്പിച്ചോടിക്കരുത്.” അതോടുകൂടി, ഞങ്ങൾ ഒരു ഹമ്മിംഗ് ബേർഡ് കുടുംബത്തെ - അധികം അകലത്തുനിന്നല്ലാതെ - ദത്തെടുത്തു.

പക്ഷേ അധികനാളത്തേക്കായിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ, അമ്മ പക്ഷിയും കുഞ്ഞുങ്ങളും പോയി -—അവർ വന്നതുപോലെതന്നേ നിശബ്ദമായി. എന്നാൽ ആരാണ് അവരെ പരിപാലിക്കുക?

ബൈബിൾ മഹത്വകരമായ, എന്നാൽ പരിചിതമായ ഒരു ഉത്തരം നൽകുന്നു. ഇത് വളരെ പരിചിതമായതിനാൽ അത് വാഗ്ദാനം ചെയ്യുന്നതെല്ലാം നാം വേഗത്തിൽ മറന്നേക്കാം: “നിങ്ങളുടെ ജീവന്നായിക്കൊണ്ടും ... വിചാരപ്പെടരുതു,” യേശു പറഞ്ഞു (മത്തായി 6:25). ലളിതവും എന്നാൽ മനോഹരവുമായ നിർദ്ദേശം. “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു” അവിടുന്നു കൂട്ടിച്ചേർത്തു (വാ. 26).

ദൈവം ചെറിയ പക്ഷികളെ പരിപാലിക്കുന്നതുപോലെ, അവൻ നമ്മെ പരിപാലിക്കുന്നു - മനസ്സിലും ശരീരത്തിലും ദേഹിയിലും ആത്മാവിലും നമ്മെ പരിപോഷിപ്പിക്കുന്നു. അതൊരു അതിമഹത്തായ വാഗ്ദത്തമാണ്. നമുക്ക് ദിവസേന അവങ്കലേക്കു നോക്കാം - ആകുലപ്പെടാതെ - എന്നിട്ട് ഉയരത്തിൽ പറക്കാം.

ജീവ ജലം

നീലഗിരിയിൽ നിന്നാണ് ആ പൂക്കൾ എത്തിയത്. വീട്ടിൽ കൊണ്ടുവന്നപ്പോഴേക്കും അതൊക്കെ വാടിത്തളർന്നിരുന്നു. ഉണർവേകുന്ന നല്ല തണുത്ത വെള്ളത്തിൽ വെച്ച് അവയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. അതിന് മുൻപ് നന്നായി വെള്ളം വലിച്ചെടുക്കാൻ അവയുടെ തണ്ട് അല്പം മുറിക്കണമായിരുന്നു. എന്നാൽ അവ അതിജീവിക്കുമോ?

അടുത്ത ദിവസം രാവിലെ എനിക്ക് ഉത്തരം കിട്ടി. നീലഗിരിയിൽ നിന്ന് എത്തിയ ആ പൂച്ചെണ്ട്,  ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത പൂക്കളുടെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. ശുദ്ധജലം ആണ് ആ വ്യത്യാസം വരുത്തിയത് - യേശു ജലത്തെപ്പറ്റി പറഞ്ഞതും വിശ്വസിക്കുന്നവർക്ക് അത് എന്ത് അർത്ഥമാണ് നല്കുന്നത് എന്നും ഓർക്കാൻ ഇത് കാരണമായി.

ശമര്യക്കാരി സ്ത്രീയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ - അവൾ കിണറ്റിൽ നിന്ന് കോരുന്ന വെള്ളം താൻ കുടിക്കുമെന്ന സൂചന നൽകി - അവൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. യേശുവിന്റെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി. കാരണം യഹൂദർ ശമര്യക്കാരെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. എന്നാൽ യേശു പറഞ്ഞു: "നീ ദൈവത്തിന്റെ ദാനവും നിന്നോട് കുടിക്കുവാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു " (യോഹന്നാൻ 4:10). പിന്നീട് ദേവാലയത്തിൽ വെച്ച് അവൻ വിളിച്ചു പറഞ്ഞു: "ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (7:37). അവനിൽ വിശ്വസിക്കുന്നവരിൽ നിന്ന് "ജീവജലത്തിന്റെ നദികൾ ഒഴുകും. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുവാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്" (വാ . 38,39).

ഇന്ന് നാം ജീവിതത്തിൽ തളരുമ്പോൾ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉന്മേഷം നല്കി ഉണർത്തുന്നു. നമ്മുടെ ആത്മാക്കളിൽ വസിച്ച് ഉന്മേഷമുള്ളവരാക്കുന്ന ജീവ ജലം അവിടുന്നാണ്.  നമുക്കിന്ന് ആഴത്തിൽ ആ വെള്ളം കുടിക്കാം.

സ്നേഹിക്കുവാൻ പഠിക്കുക

സ്കോട്ലന്റിലെ ഗ്രീനൊക്കിലെ ഒരു പ്രൈമറി സ്കൂളിലെ പ്രസവാവധിയിലായിരുന്ന മൂന്നു ഒരു അധ്യാപികമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ഓരോ രണ്ടാഴ്ചയിലും സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളുമായി ഇടപഴകുവാൻ അനുവദിച്ചു. ശിശുക്കളുടെ കൂടെ കളിക്കുന്നതു വഴി കുട്ടികൾ സഹാനുഭൂതിയും മറ്റുള്ളവരുടെ വികാരം മാനിക്കുന്നതും പരിശീലിക്കും. "ലേശം ശല്യക്കാരായ" കുട്ടികളാണ് ഈ കാര്യങ്ങൾ വേഗം പഠിക്കുന്നത് എന്ന് ഒരു ടീച്ചർ നിരീക്ഷിച്ചു. "മിക്കപ്പോഴും ഇവരാണ്(സ്‌കൂൾ കുട്ടികൾ) പരസ്പരം കൂടുതൽ ഇടപെടുന്നത്". "ശിശുക്കളെ പരിചരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നും" മറ്റൊരാളുടെ വികാരത്തെ മാനിക്കുന്നതും" അവർ പഠിച്ചു.

മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യം ശിശുവിൽ നിന്നും പഠിക്കുക എന്നത് ക്രിസ്തു വിശ്വാസികൾക്ക് ഒരു പുതിയ കാര്യമല്ല. ശിശുവായി ജനിച്ച യേശുവിനെ നമുക്ക് അറിയാം. ബന്ധങ്ങൾ നിലനിർത്തുന്നത് സംബന്ധിച്ച നമ്മുടെ ധാരണകളെയൊക്കെ യേശുവിന്റെ ജനനം തിരുത്തി. ബലഹീനവും വഴി തെറ്റുന്നതുമായ ആടുകളെ മേയ്ച്ചിരുന്ന ഇടയന്മാരാണ് യേശുവിന്റെ ജനനം ആദ്യം അറിഞ്ഞത്. പിന്നീട് ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടു വന്നപ്പോൾ അവരെ അയോഗ്യരായി കണ്ട ശിഷ്യന്മാരെ യേശു തിരുത്തി. "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ" (മർക്കൊസ് 10:14).

യേശു “ശിശുക്കളെ അണച്ച് അവരുടെ മേൽ കൈ വെച്ച് അവരെ അനുഗ്രഹിച്ചു” (വാ:16). നമ്മുടെ ജീവിതങ്ങൾ നോക്കിയാൽ , ചിലപ്പോൾ "ശല്യക്കാരായ" കുട്ടികൾ എന്ന പോലെ നാമും അയോഗ്യരാണെന്ന് കണക്കാക്കപ്പെട്ടേക്കാം. എന്നാൽ ഒരു ശിശുവായി വന്ന ക്രിസ്തു സ്നേഹത്തോടെ നമ്മെ കൈക്കൊള്ളും; എന്നിട്ട് ശിശുക്കളെയും മറ്റുള്ളവരെയും കരുതുന്നതിന് നമ്മെ പഠിപ്പിക്കും.

ഉപേക്ഷിക്കാനുള്ള ശക്തി

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ വെയ്റ്റ് ലിഫ്റ്റർ പോൾ ആൻഡേഴ്‌സൺ, 1956 ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഒളിമ്പിക്‌സിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ചെവിയിലെ കഠിനമായ ആന്തരിക അണുബാധയും 103 ഡിഗ്രി പനിയും സഹിച്ചുകൊണ്ടാണ് അദ്ദേഹമിതു നേടിയത്. മുൻനിര താരങ്ങൾക്ക് പിന്നിലായിപ്പോയ അദ്ദേഹത്തിന്, തന്റെ അവസാന മത്സരത്തിൽ ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു സ്വർണ്ണ മെഡലിനുള്ള ഏക അവസരം. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

അങ്ങനെ, നമ്മുടെ ഇടയിലെ ഏറ്റവും ദുർബലർക്കു പോലും ചെയ്യാൻ കഴിയുന്നത് ബേർലി അത്‌ലറ്റ് ചെയ്തു. സ്വന്തം ശക്തിയെ ഉപേക്ഷിച്ച് അധിക ശക്തിക്കായി അവൻ ദൈവത്തെ വിളിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, “അതൊരു വിലപേശൽ ആയിരുന്നില്ല. എനിക്കു സഹായം ആവശ്യമായിരുന്നു.’’ തന്റെ അവസാന ലിഫ്റ്റിൽ, അവൻ തലയ്ക്ക് മുകളിൽ 413.5 പൗണ്ട് (187.5 കിലോഗ്രാം) ഉയർത്തി.

ക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഴുതി, “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു’’ (2 കൊരിന്ത്യർ 12:10). ആത്മീയ ശക്തിയെക്കുറിച്ചാണ് പൗലൊസ് സംസാരിക്കുന്നത്, എന്നാൽ ദൈവത്തിന്റെ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു’’ (വാ. 9) അവനറിയാമായിരുന്നു.

പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചതുപോലെ, “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവ് 40:29).

അത്തരമൊരു ശക്തിയിലേക്കുള്ള വഴി എന്തായിരുന്നു? യേശുവിൽ വസിക്കുക എന്നതാണത്. “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല,’’ അവൻ പറഞ്ഞു (യോഹന്നാൻ 15:5). വെയ്റ്റ് ലിഫ്റ്റർ ആൻഡേഴ്‌സൺ പലപ്പോഴും പറഞ്ഞതുപോലെ, “യേശുക്രിസ്തുവിന്റെ ശക്തിയില്ലാതെ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് ഒരു ദിവസം പോലും കടന്നുപോകാൻ കഴിയില്ലെങ്കിൽ - നിങ്ങളുടെ അവസ്ഥ എന്താണ്?’’ അതു കണ്ടെത്തുന്നതിന്, ശക്തവും നിലനിൽക്കുന്നതുമായ സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമ്മുടെ സ്വന്തം മിഥ്യാശക്തിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

ദൈവത്തിന്റെ നന്മ പിന്തുടരുന്നു

എന്റെ കോളേജ് പഠനകാലത്ത് ഞാനൊരു ലേഡീസ് വസ്ത്രാലയത്തിൽ പാർട്ട് ടൈം ജോലി ചെയ്തു. അവിടുത്തെ ഒരു വനിതാ സെക്യൂരിറ്റി ഗാർഡ്, സാധനം വാങ്ങാൻ വന്നയാൾ എന്ന വ്യാജേന, എന്തെങ്കിലും മോഷ്ടിച്ചെടുക്കും എന്ന് സംശയമുള്ളയാളുകളെ നിരീക്ഷിച്ച് പിന്തുടർന്നിരുന്നു. ചിലയാളുകളുടെ മുഖഭാവം കണ്ടാൽത്തന്നെ ഉടമസ്ഥൻ സംശയം തോന്നി നിരീക്ഷിക്കും. എന്നാൽ കുഴപ്പക്കാരല്ല എന്ന് തോന്നുന്നവരെ ശ്രദ്ധിക്കാറേയില്ല. ഈ തന്ത്രം തിരിച്ചറിഞ്ഞതിന് ശേഷം ഞാനും ചില കടകളിൽ ബോധപൂർവം കള്ളത്തരമുള്ള ഭാവം കാണിക്കുകയും അവർ എന്നെ നിരീക്ഷിച്ച് പിന്തുടരുന്നത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് വിരുദ്ധമായി, ദാവീദ് പറയുന്നത് ദൈവത്തിന്റെ നന്മയും കരുണയും തന്നെ പിന്തുടരുന്നു എന്നാണ്. ഈ രണ്ട് ഗുണങ്ങളും എപ്പോഴും ഒരുമിച്ച് നില്ക്കുന്നു; സംശയദൃഷ്ടിയോടെയല്ല യഥാർത്ഥ സ്നേഹത്തോടെ തന്നെ പിന്തുടരുകയും ചെയ്യുന്നു. സുവിശേഷകനായ ചാൾസ് സ്പർജൻ വിശേഷിപ്പിച്ച ഈ "ഇരട്ട കാവൽമാലാഖമാർ" വിശ്വാസികളുടെ ജീവിതത്തിലെ ഇരുളടഞ്ഞതും പ്രകാശമാനമായതുമായ എല്ലാ ദിനങ്ങളിലും ചേർന്ന് സഞ്ചരിക്കുന്നു. "ശരത്ക്കാലത്തിന്റെ ഭയാനക ദിനങ്ങളിലും വസന്തത്തിന്റെ ശോഭന നാളുകളിലും; നന്മ നമ്മുടെ ആവശ്യങ്ങളെ നടത്തിത്തരികയും കരുണ നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുകയും ചെയ്യുന്നു."

ഒരിക്കൽ ഒരു ആട്ടിടയൻ ആയിരുന്നതിനാൽ, ബോധപൂർവ്വമാണ് ദാവീദ് ദൈവത്തിന്റെ നന്മയെയും കരുണയെയും ഒരുമിച്ച് ചേർത്ത് കണ്ടത്. ഭയം, ആകുലത, പ്രലോഭനം, സംശയം എന്നിവയെല്ലാം വിശ്വാസികളെ പിന്തുടരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തിന്റെ ദയാപൂർവ്വമായ നന്മയും സ്നേഹത്തോടെയുള്ള കരുണയും നിശ്ചയമായും നമ്മെ എല്ലായ്പ്പോഴും പിന്തുടരുമെന്ന് ദാവീദ് ഉറപ്പിച്ച് പറയുന്നു.

ദാവീദ് ആനന്ദത്തോടെ പാടുന്നു: " നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും " (23:6). നമ്മെ വീട്ടിലെത്തുവോളം അനുഗമിക്കുന്ന അത്ഭുതകരമായ സമ്മാനം!

ഒരു എളിയ വിരുന്ന്

പൂനെയിലെ ഒരു സഭയിൽ സ്വമേധാ സേവനത്തിന് വന്ന ഒരു വിദേശ മിഷണറിയെ അവിടെയുളള ചിലർ ഒരു അത്താഴവിരുന്നിന് ക്ഷണിച്ചു. അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ പോയി. അവർ എഴുപേരുണ്ടായിരുന്നെങ്കിലും അഞ്ച് കറിയാണ് ഓർഡർ ചെയ്തത്.

"ഇതെന്ത് മര്യാദ കേടാണ്", മിഷണറി ചിന്തിച്ചു. എന്നാൽ വിഭവം വന്നപ്പോൾ അവർ അതെല്ലാം തുല്ല്യമായി വീതം വെച്ചു. മിഷണറിക്ക് 5 വ്യത്യസ്ത രുചികൾ പരിചയപ്പെടാനുമായി; ഭക്ഷണം അല്പം പോലും പാഴായതുമില്ല. ഇത് തന്നെ വിനയപ്പെടുത്തിയ ഒരു അനുഭവമായി. താൻ സേവനം ചെയ്യുവാൻ തെരഞ്ഞെടുത്ത പ്രദേശത്തെ സംസ്കാരം താൻ മനസ്സിലാക്കിയില്ലായിരുന്നു. അമേരിക്കയിൽ വ്യക്തിതാല്പര്യത്തിനായിരുന്നു ഊന്നൽ എങ്കിൽ, ഇന്ത്യയിൽ ജീവിതം സമൂഹമായിട്ടാണ് എന്നു താൻ തിരിച്ചറിഞ്ഞു. ആഹാരവും വസ്തുക്കളും പങ്കുവെക്കുന്നതു വഴിയാണ് ആളുകൾ തമ്മിലുളള ഉറ്റബന്ധം നിലനില്ക്കുന്നത്. വിദേശ രീതികൾ മെച്ചമായിരുന്നില്ല, വ്യത്യസ്തം മാത്രമായിരുന്നു. താൻ കുറ്റം ഏറ്റുകൊണ്ടു പറഞ്ഞു, “ഈ സംഭവം എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് താഴ്മ പ്രാപിക്കുവാൻ ഇടയാക്കി.” മുൻധാരണകൾ തിരുത്തുന്നതിനോടൊപ്പം താഴ്മയോടെ ഉള്ളത് പങ്കുവെക്കുന്നത് വഴി മററുള്ളവരെ കൂടുതൽ നന്നായി സേവിക്കാനാകും എന്നു താൻ പഠിച്ചു.

പത്രോസ് ഈ പാഠമാണ് സഭാ നേതൃത്വത്തെ പഠിപ്പിച്ചത്: മറ്റുള്ളവരോട് താഴ്മയോടെ ഇടപെടുക. അദ്ധ്യക്ഷന്മാരോട്, "ഇടവകകളുടെ മേൽ കർതൃത്വം നടത്തരുത്" (1 പത്രൊസ് 5:3) എന്നും, ഇളയവരോട്, "മൂപ്പന്മാർക്ക് കീഴടങ്ങുവിൻ; എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊള്ളുവിൻ" (വാ.5) എന്നും, "ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു" എന്നും പ്രഖ്യാപിച്ചു.” അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ" (വാ.6). ദൈവത്തിന്റെ മുമ്പിലും മറ്റുളളവരുടെ മുമ്പിലും ഇന്ന്  താഴ്മയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.